നിങ്ങള്‍ ഓഹരി വിപണിയില്‍ നിക്ഷേപിക്കാനൊരുങ്ങുകയാണ് എന്ന് പറഞ്ഞുനോക്കൂ. നിങ്ങളെ പിന്തിരിപ്പിക്കാന്‍ ധാരാളം പേര്‍ കാണും. ഓഹരി നിക്ഷേപത്തെക്കുറിച്ച് പൊതുവെ
യുള്ള തെറ്റിദ്ധാരണകളാണ് ഇതിന് കാരണം. ഇത്തരത്തിലുള്ള ഏഴ് പ്രമുഖ തെറ്റിദ്ധാരണകള്‍ താഴെപ്പറയുന്നവയാണ്.
1. ഓഹരി വിപണിയിലെ നിക്ഷേപം ചൂതാട്ടമാണ്
ആളുകള്‍ ഓഹരി വിപണിയില്‍ നിക്ഷേപത്തിന് തയാറാകാത്തതിന് പ്രധാന കാരണം ഓഹരിവിപണിയില്‍ നടക്കുന്നത് ചൂതാട്ടമാണെന്ന് കരുതുന്നതുകൊണ്ടാണ്. ചൂതാട്ടത്തില്‍ തോല്‍ക്കുന്നയാള്‍ ജയിക്കുന്നയാള്‍ക്ക് പണം നല്‍കുന്നു. അവിടെ ഒരു മൂല്യവും സൃഷ്ടിക്കപ്പെടുന്നില്ല. മറിച്ച് ഓഹരി വിപണിയില്‍ നിങ്ങള്‍ ഒരു കമ്പനിയുടെ ബിസിനസില്‍ നിക്ഷേപിക്കുകയാണ്. കമ്പനി വളരുമ്പോള്‍ നിങ്ങളുടെ നിക്ഷേപത്തിന്റെ മൂല്യവും വര്‍ധിക്കുന്നു. അത് ഓഹരി വിലയില്‍ പ്രതിഫലിക്കുകയും ചെയ്യും. അപ്രകാരം ദീര്‍ഘകാലാടിസ്ഥാനത്തില്‍ സമ്പത്ത് സൃഷ്ടിക്കാനും സാധിക്കും. ഓഹരി വിപണിയില്‍ നിക്ഷേപിക്കുമ്പോള്‍ നാം സമ്പദ് വ്യവസ്ഥയുടെ ശക്തി വര്‍ധിപ്പിക്കുക കൂടിയാണ് ചെയ്യുന്നത്.
2. ഓഹരി വിപണി പണക്കാര്‍ക്കുള്ളതാണ്
ഓഹരി വിപണിയില്‍ നിക്ഷേപിക്കാത്തതിന് കാരണമായി പലരും പറയുന്നത് കൈയില്‍ പണമില്ല എന്നാണ്. നിക്ഷേപത്തിന് ലക്ഷങ്ങള്‍ വേണം എന്ന തെറ്റിദ്ധാരണ പലര്‍ക്കുമുണ്ട്. പണക്കാരനായതിനുശേഷം നിക്ഷേപിക്കാം എന്ന മനോഭാവം മാറ്റിവെച്ചിട്ട് നിക്ഷേപത്തിലൂടെ പണക്കാരാനാകാന്‍ തീരുമാനിച്ചാല്‍ ഒരുപാട് മാറ്റങ്ങള്‍ വരുത്താന്‍ കഴിയും. മാസം 500 രൂപ മാറ്റിവെക്കാന്‍ കഴിയുമെങ്കില്‍ നിങ്ങള്‍ക്ക് ഓഹരി വിപണിയില്‍ നിക്ഷേപിച്ചു തുടങ്ങാം.
അടുത്ത തവണ ശമ്പളം കിട്ടുമ്പോള്‍ അതിന്റെ 20 ശതമാനം സമ്പാദ്യത്തിനും നിക്ഷേപത്തിനുമായി നീക്കിവെക്കുക. 80 ശതമാനം മാത്രം ചെലവഴിക്കുക. ഇതിനുള്ള തീരുമാനം ഇന്നേ എടുക്കണമെന്നു മാത്രം.
3. സമയം തീരെയില്ല
ഓഹരി വിപണിയില്‍ നിക്ഷേപിക്കുന്നയാള്‍ രാവിലെ മുതല്‍ വൈകിട്ട് വരെ അതിന്റെ ചലനങ്ങള്‍ ശ്രദ്ധിച്ച് ജാഗരൂകരായിരിക്കണം എന്നാണ് പൊതുവെയുള്ള ധാരണ. എന്നാല്‍ സമൂഹത്തിന്റെ എല്ലാ വിഭാഗത്തില്‍പ്പെട്ടവരും ഓഹരി വിപണിയില്‍ നിക്ഷേപിക്കുന്നുണ്ട്. സമയം തീരെയില്ലാത്തവര്‍ക്ക് ഹൃസ്വകാല- ദീര്‍ഘകാല നിക്ഷേപതന്ത്രങ്ങള്‍ ആവിഷ്‌കരിക്കാവുന്നതാണ്. ആറു മാസം, ഒരു വര്‍ഷം, പത്തു വര്‍ഷം എന്നിങ്ങനെ അനുയോജ്യമായ കാലാവധി തെരഞ്ഞെടുക്കാം. ഇതിന് ഉദാഹരണം പറയാം.
2003ല്‍ ഫെഡറല്‍ ബാങ്കിന്റെ ഓഹരി വില 30 രൂപ മാത്രമായിരുന്നു. ഈ സമയത്ത് എന്റെ സുഹൃത്തായ ഒരു ഡോക്‌റ്റര്‍ ഒന്നര ലക്ഷം രൂപ ചെലവാക്കി 5000 ഓഹരികള്‍ വാങ്ങി. ഇപ്പോള്‍ ഓരോഹരി വില 400 രൂപയാണ്. എട്ട് വര്‍ഷംകൊണ്ട് ഒന്നര ലക്ഷം രൂപ 20 ലക്ഷമായി വളര്‍ന്നു!
നിങ്ങള്‍ ജോലി ചെയ്യുന്നത് പണം ഉണ്ടാക്കാന്‍ വേണ്ടിയാണ്, എന്നാല്‍ നിക്ഷേപിക്കുന്ന പണം നിങ്ങള്‍ക്കായി ജോലി ചെയ്യുകയും സമ്പത്ത് സൃഷ്ടിക്കുകയും ചെയ്യുന്നു. സ്ഥിര നിക്ഷേപത്തെക്കാള്‍ ഉയര്‍ന്ന നേട്ടം നല്‍കാന്‍ ഓഹരി വിപണിയിലെ നിക്ഷേപം വഴിസാധിക്കും എന്നും മനസിലാക്കുക.
4. ഓഹരി വിപണിയിലെ നിക്ഷേപത്തിന് ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യത വേണം
ഓഹരി വിപണിയില്‍ നിക്ഷേപിക്കണമെങ്കില്‍ സാമ്പത്തിക ശാസ്‌ത്രജ്ഞനാകണമെന്ന ധാരണ പൊതുവെയുണ്ട്. ഇത് തീര്‍ത്തും തെറ്റാണ്. നിക്ഷേപം തുടങ്ങാന്‍ മൂന്ന് ഗുണങ്ങളാണ് പ്രധാനമായും വേണ്ടത്. ഒന്ന് - സാമാന്യബോധം, രണ്ട് - പഠിക്കാനുള്ള ആഗ്രഹം മൂന്ന് - കുറച്ചു സമയം ചെലവഴിക്കാനുള്ള മനസ്. ആദ്യമേ ചെയ്യേണ്ടത് ഓഹരി വിപണിയെക്കുറിച്ച് പഠിക്കാന്‍ തയാറാവുക എന്നതാണ്. ഇതിനായി ബുക്കുകളും മറ്റും വായിക്കുക, സെമിനാറുകളിലും മറ്റും പങ്കെടുക്കുക എന്നിവ ചെയ്യാവുന്നതാണ്.
`പഠനമാണ് നേട്ടത്തിന്റെ അടിത്തറ'.
5. ഓഹരി വിപണിഇടിയുമ്പോള്‍ നിങ്ങളുടെ പണം നഷ്‌ടമാകും
ആളുകളെ ഓഹരി വിപണിയില്‍ നിന്ന് ഏറ്റവുമധികം അകറ്റുന്ന തെറ്റിദ്ധാരണയാണിത്. ഓഹരി വിലകള്‍ കുറയുകയും വിപണി ചിലപ്പോള്‍ തകര്‍ച്ചയെ നേരിടുകയും ചെയ്യുന്നത് സ്വാഭാവികമാണ്. ഓഹരി വിപണിയില്‍ കയറ്റിറക്കങ്ങള്‍ ഉണ്ട് എന്നതാണ് മനസിലാക്കേണ്ട ഒരു കാര്യം. അല്ലാതെ ഇടിവുകള്‍ മാത്രം കാണിക്കുന്ന ഒന്നല്ല ഓഹരി വിപണി.
ഉദാഹരണത്തിന് കേരള കമ്പനിയായ വി-ഗാര്‍ഡിന്റെ കാര്യം തന്നെ എടുക്കാം. 2008 മാര്‍ച്ചില്‍ ഐ.പി.ഒ (82 രൂപ) നടത്തി ലിസ്റ്റ് ചെയ്‌ത് ആറ് മാസത്തിനുള്ളില്‍ ഇതിന്റെ ഓഹരി വില 50 ശതമാനത്തിലധികം ഇടിഞ്ഞിരുന്നു. എന്നാല്‍ ഇത് താല്‍ക്കാലിക പ്രതിഭാസം മാത്രമായിരുന്നു. ഇപ്പോള്‍ രണ്ട് വര്‍ഷത്തില്‍ താഴെമാത്രം സമയംകൊണ്ട് ഈ കമ്പനിയുടെ ഓഹരി 450 എന്ന നിലവാരത്തില്‍ എത്തിയിരിക്കുന്നു!
6. ബ്രോക്കിംഗ് കമ്പനി എല്ലാം ചെയ്‌തോളും
ഓഹരി വ്യാപാരത്തിനുള്ള എക്കൗണ്ട് തുടങ്ങിക്കഴിഞ്ഞ് എല്ലാം ബ്രോക്കിംഗ് കമ്പനി നോക്കിക്കൊള്ളും എന്ന മനോഭാവം ഒരിക്കലും പാടില്ല. നിങ്ങള്‍ കഷ്ടപ്പെട്ടുണ്ടാക്കിയ പണമാണ് ഓഹരി വിപണിയില്‍ നിക്ഷേപിക്കുന്നത് എന്ന് മറക്കരുത്. ഡെറിവേറ്റിവ് വ്യാപാരം, ഊഹക്കച്ചവടം എന്നിങ്ങനെ വിവിധ മാര്‍ഗങ്ങള്‍ ഓഹരി വിപണിയിലുണ്ട്. എന്നാല്‍ ഇതെല്ലാം തന്നെ കൃത്യമായ ധാരണയോടെ ചെയ്യേണ്ടതാണ്. അതിനുമുമ്പ് വിപണിയിലെ നഷ്ടസാധ്യതയെക്കുറിച്ചും ശരിക്ക് മനസിലാക്കണം. തുടക്കക്കാരെ സംബന്ധിച്ച് ഒന്ന്-രണ്ട് വര്‍ഷത്തേക്ക് നിക്ഷേപം നടത്തുകയാണ് സുരക്ഷിതം. 10-15 ശതമാനത്തിന്റെ വാര്‍ഷിക ആദായം പ്രതീക്ഷിച്ചാല്‍ മതി.
7. ഇത് എനിക്ക് പറ്റിയതല്ല
ഒരാള്‍ നിക്ഷേപം നടത്തേണ്ടത് ഭാവിയെ മുന്നില്‍ കണ്ടുകൊണ്ടാണ്. ജീവിതച്ചെലവ് ഏറിവരുന്ന ഇക്കാലയളവില്‍ മികച്ച ആദായം നല്‍കുന്ന നിക്ഷേപമാര്‍ഗങ്ങളെ ആശ്രയിക്കാതെ രക്ഷയില്ല. യാഥാസ്ഥിതികമായ നിക്ഷേപമാര്‍ഗങ്ങള്‍ മിക്കവയും തന്നെ നിക്ഷേപകന് നല്‍കുന്ന റിട്ടേണ്‍ 10 ശതമാനത്തില്‍ താഴെ മാത്രമാണ്. ഇവിടെയാണ് ഓഹരി വിപണിയിലെ നിക്ഷേപത്തിന്റെ പ്രസക്തി. കഴിഞ്ഞ 30 വര്‍ഷത്തെ കണക്കെടുക്കുമ്പോള്‍ ഓഹരികളിലെ നിക്ഷേപം 19 ശതമാനം വാര്‍ഷിക വളര്‍ച്ചാനിരക്ക് കൈവരിച്ചിട്ടുണ്ട്. എന്നിട്ടും ഓഹരിവിപണിയെ നിക്ഷേപമാര്‍ഗമായി കണക്കാക്കുന്നില്ല എങ്കില്‍ അത് തീര്‍ത്തും നിരാശാജനകമാണ്.
NOW FREE DEMAT ACCOUNT IS PROVIDING AT SHAREWEALTH SECURITIES KANNUR BRANCH.FOR DETAILS CALL 9447735845
No comments:
Post a Comment