ഒരു ഇടവേളക്കു ശേഷം കേരളത്തില്‍ നിന്നുള്ള പ്രമുഖ കമ്പനികള്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യുന്നതിനായി ഐപിഒ (ഇനീഷ്യല്‍ പബ്ലിക് ഓഫര്‍) കളുമായി എത്തുമ്പോള്‍ ഓഹരികളില്‍ ഇതുവരെ നിക്ഷേപം നടത്തിയിട്ടില്ലാത്ത ഒട്ടേറെ മലയാളികള്‍ക്ക് ഇത്തരം കമ്പനികളുടെ ഓഹരികള്‍ വാങ്ങുന്നതില്‍ താല്‍പ്പര്യമുണ്ടാവുക സ്വാഭാവികമാണ്. മുത്തൂറ്റ് ഫിനാന്‍സ് ഐപിഒ പുറത്തിറക്കിയപ്പോള്‍ ഒട്ടേറെ പുതിയ നിക്ഷേപകരാണ് അതിന് അപേക്ഷിച്ചത്. ജോയ് ആലുക്കാസിന്റെ ഐപിഒ എത്തുമ്പോഴും പുതിയ ഒട്ടേറെ നിക്ഷേപകര്‍ നിക്ഷേപaത്തിന് താല്‍പ്പര്യം കാണിക്കുമെന്നുറപ്പ്. ഓഹരി വിപണിയില്‍ നിക്ഷേപം തുടങ്ങുന്നതിന് പ്രാഥമികമായി വേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് പുതിയ നിക്ഷേപകര്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്.
ഓഹരി നിക്ഷേപം തുടങ്ങുന്നതിനായി നിക്ഷേപകര്‍ ആദ്യമായി ചെയ്യേണ്ടത് ഒരു ഡീമാറ്റ് അക്കൗണ്ട് തുറക്കുകയാണ്. ഇത് ഒരു ബാങ്ക് അക്കൗണ്ട് തുറക്കുന്നതു പോലെ ലളിതമായ പ്രക്രിയയാണ്. ബാങ്കില്‍ പണമിടുന്നതിനും ചെക്ക് ഇടപാടുകള്‍ നടത്തുന്നതിനും നിങ്ങള്‍ക്ക് സ്വന്തമായ അക്കൗണ്ട് ആവശ്യമാണെന്നതു പോലെ ഓഹരികള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്നതിന് നിങ്ങള്‍ക്ക് സ്വന്തമായി ഡീമാറ്റ് അക്കൗണ്ട് ആവശ്യമാണ്. ഓഹരികള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്നത് നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് (എന്‍എസ്ഇ), ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് (ബിഎസ്ഇ) എന്നീ എക്‌സ്‌ചേഞ്ചുകള്‍ വഴിയാണ്. ഈ എക്‌സ്‌ചേഞ്ചുകളില്‍ നിന്ന് ഓഹരികള്‍ വാങ്ങുന്ന നിക്ഷേപകന് ഓഹരികള്‍ സര്‍ട്ടിഫിക്കറ്റുകളായോ ഭൗതികരൂപത്തിലോ അല്ല ലഭിക്കുന്നത്, ഡീമാറ്റ് രൂപത്തിലാണ്. ഓഹരികള്‍ ഡീമാറ്റ് രൂപത്തില്‍ കൈവശം വെക്കുന്നതിനുള്ള അക്കൗണ്ടാണ് ഡീമാറ്റ് അക്കൗണ്ട്. ഡീമാറ്റ് അക്കൗണ്ടില്ലാതെ ഓഹരികള്‍ വാങ്ങുകയോ വില്‍ക്കുകയോ ചെയ്യാനാകില്ല.
സേവിങ്‌സ്് ബാങ്ക് അക്കൗണ്ട് തുറക്കുന്നതിന് ബാങ്കിനെയാണ് സമീപിക്കേണ്ടതെങ്കില്‍ ഡീമാറ്റ് എക്കൗണ്ട് തുറക്കുന്നതിനായി ഒരു ഡെപ്പോസിറ്ററി പാര്‍ട്ടിസിപ്പന്റിനെ (ഡിപി)യാണ് സമീപിക്കേണ്ടത്. ഓഹരികളില്‍ ഇടപാട് നടത്തുന്നതിനുള്ള ബ്രോക്കിങ് കമ്പനികള്‍ ഉള്‍പ്പെടെയുള്ള ഒട്ടേറെ സ്ഥാപനങ്ങള്‍ ഡെപ്പോസിറ്ററി പാര്‍ട്ടിസിപ്പന്റുകള്‍ ആയി പ്രവര്‍ത്തിക്കുന്നുണ്ട്. ഡെപ്പോസിറ്ററി പാര്‍ട്ടിസിപ്പന്റ് ബ്രോക്കര്‍ (നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലെയോ ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലെയോ അംഗമാണ് ബ്രോക്കര്‍) ആകണമെന്നില്ല. ഉദാഹരണത്തിന് ഡീമാറ്റ് അക്കൗണ്ട് തുറക്കുന്നതിനുള്ള സേവനം നല്‍കുന്ന ബാങ്ക് ബ്രോക്കിങ് സേവനം നല്‍കണമെന്നില്ല.
ബാങ്ക് പാസ്ബുക്കോ അക്കൗണ്ട് സ്റ്റേറ്റ്‌മെന്റോ പോലെ ഡെപ്പോസിറ്ററി പാര്‍ട്ടിസിപ്പന്റുകള്‍ ഡീമാറ്റ് അക്കൗണ്ടിനെ കുറിച്ചുള്ള സ്റ്റേറ്റ്‌മെന്റുകള്‍ നിക്ഷേപകര്‍ക്ക് നല്‍കാറുണ്ട്. ഈ സ്റ്റേറ്റ്‌മെന്റില്‍ നിങ്ങള്‍ വാങ്ങിയ ഓഹരികളുടെയും വിറ്റ ഓഹരികളുടെയും നിലവില്‍ കൈവശമുള്ള ഓഹരികളുടെയും വിശദാംശങ്ങള്‍ വ്യക്തമാക്കിയിരിക്കും. നെറ്റ് ബാങ്കിങ് വഴി സേവിങ്‌സ് അക്കൗണ്ടിലെ ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ പരിശോധിക്കാമെന്ന പോലെ ഓണ്‍ലൈന്‍ വഴി ഡീമാറ്റ് അക്കൗണ്ട് സംബന്ധിച്ച വിശദാംശങ്ങള്‍ നിക്ഷേപകര്‍ക്ക് പരിശോധിക്കാവുന്നതാണ്.
നിര്‍ദ്ദിഷ്ട ഫോറത്തിലാണ് ഡീമാറ്റ് അക്കൗണ്ട് തുറക്കുന്നതിനായി അപേക്ഷ നല്‍കേണ്ടത്. ഡീമാറ്റ് അക്കൗണ്ട് തുറക്കുന്നതിന് പാന്‍ (പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍) കാര്‍ഡ് നിര്‍ബന്ധമാണ്. അതിനാല്‍ പാന്‍ കാര്‍ഡ് ഇല്ലാത്തവര്‍ ഡീമാറ്റ് അക്കൗണ്ട് തുറക്കുന്നതിനായി ആദ്യം ചെയ്യേണ്ടത് പാന്‍ കാര്‍ഡിനുള്ള അപേക്ഷ നല്‍കുകയാണ്. പാന്‍ കാര്‍ഡിനു പുറമെ വോട്ടര്‍മാരുടെ തിരിച്ചറിയല്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട് തുടങ്ങിയ ഏതെങ്കിലും ഫോട്ടോ പതിപ്പിച്ച തിരിച്ചറിയല്‍ കാര്‍ഡിന്റെ കോപ്പിയും ഡീമാറ്റ് അക്കൗണ്ട് തുറക്കുന്നതിനുള്ള അപേക്ഷക്കൊപ്പം നല്‍കിയിരിക്കണം.
ഓഹരി ഇടപാടുകള്‍ നടത്തുന്നതിന് ഡീമാറ്റ് അക്കൗണ്ട് തുടങ്ങുന്നതിനൊപ്പം ഒരു ട്രേഡിങ് അക്കൗണ്ടും തുറന്നിരിക്കണം. ഓഹരികള്‍ വാങ്ങുന്നതിനായി വിനിയോഗിക്കുന്ന പണം ഈ അക്കൗണ്ടിലാണ് സൂക്ഷിക്കുന്നത്. ഓഹരികള്‍ വാങ്ങുമ്പോള്‍ ട്രേഡിങ് അക്കൗണ്ടില്‍ നിന്നും അതിനുള്ള പണം ബന്ധപ്പെട്ട സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യപ്പെടും. ഓഹരികള്‍ വില്‍ക്കുമ്പോള്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ നിന്നും ലഭിക്കുന്ന പണം ട്രേഡിങ് അക്കൗണ്ടിലേക്കാണ് വരിക. ട്രേഡിങ് അക്കൗണ്ടിലെ പണം എപ്പോള്‍ വേണമെങ്കിലും ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റാവുന്നതാണ്. ഇതിനായി ബന്ധപ്പെട്ട ബ്രോക്കിങ് സ്ഥാപനത്തിന് നിര്‍ദേശം നല്‍കിയാല്‍ മതി.
ഡീമാറ്റ് അക്കൗണ്ടും ട്രേഡിങ് അക്കൗണ്ടും തുറക്കുന്നതിന് ഏകദേശം 500 രൂപയാണ് വിവിധ ബ്രോക്കിങ് കമ്പനികള്‍ ഈടാക്കുന്നത്. എന്നാല്‍ ഈയിടെയായി ഡീമാറ്റ് അക്കൗണ്ടും ട്രേഡിങ് അക്കൗണ്ടും സൗജന്യമായി തുറന്ന് നല്‍കുന്നതിലൂടെ കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ ബ്രോക്കിങ് കമ്പനികള്‍ ശ്രമിക്കുന്നുണ്ട്.