ഇന്ത്യന്‍ ഓഹരി വിപണി കുതിക്കുകയാണ്,
ഏതായാലും ഓഹരികള്‍ വാങ്ങിക്കൂട്ടാം എന്ന് സാധാരണക്കാര്‍ ചിന്തിക്കുന്ന കാലമാണിത്.
കൈയിലെ കാശ് മുഴുവന്‍ ഓഹരി വിപണിയില്‍ ഇറക്കുന്നതിനു മുമ്പ് ഓഹരി വിപണിയിലെ നിങ്ങളുടെ
നിക്ഷേപത്തെ സ്വാധീനിക്കുന്ന ഘടകങ്ങളെ പരിചയപ്പെടാം.
മാര്‍ക്കറ്റ് റിസ്‌ക്-വിപണി കുതിക്കുമ്പോള്‍ മിക്ക കമ്പനികളുടേയും ഓഹരികള്‍ അവയുടെ യഥാര്‍ത്ഥ മൂല്യത്തെക്കാള്‍ ഉയര്‍ന്ന വില നിലവാരത്തില്‍ എത്തി എന്നുവരാം. ഇക്കാര്യം മനസിലാക്കാതെ നിക്ഷേപിക്കുന്നയാള്‍ക്ക് കനത്ത നഷ്‌ടം നേരിടും.
കമ്പനി മാനേജ്‌മെന്റ്-കമ്പനിയുടെ മാനേജ്‌മെന്റ് നിങ്ങളുടെ നിക്ഷേപത്തെ വളര്‍ത്തുന്നതിലും തളര്‍ത്തുന്നതിലും പ്രധാനപങ്ക് വഹിക്കുന്ന ഘടകമാണ്. മാനേജ്‌മെന്റിന്റെ സത്യസന്ധത, ട്രാക്ക് റെക്കോഡ് എന്നിവയെല്ലാം നിക്ഷേപകര്‍ തീര്‍ച്ചയായും പരിഗണിക്കേണ്ടതാണ്.
ബിസിനസ് സാഹചര്യം-നിങ്ങള്‍ നിക്ഷേപിക്കാന്‍ ഉദ്ദേശിക്കുന്ന കമ്പനി എന്ത് ബിസിനസാണ് ചെയ്യുന്നതെന്നത് പ്രധാനമാണ്. നിങ്ങള്‍ക്ക് നേരിട്ട് പരിചയമുള്ള ബിസിനസുകളില്‍ നിക്ഷേപിക്കുകയാണ് ഇത് മറികടക്കാന്‍ ചെയ്യേണ്ടത്.
കമ്പനിയുടെ കടം-വന്‍ തുകകള്‍ കടം വാങ്ങിയിട്ടുള്ള കമ്പനികളുടെ ലാഭത്തെ ഇത് പ്രതികൂലമായി ബാധിക്കും. പ്രത്യേകിച്ച് പലിശ നിരക്ക് ഉയര്‍ന്ന് നില്‍ക്കുന്ന സാഹചര്യത്തില്‍.
ആഗോള സാഹചര്യം-ഭൂമിക്ക് താഴെയുള്ള എന്തും ഓഹരി വിപണിയെ സ്വാധീനിക്കും. രാജ്യാന്തര, ദേശീയ സംഭവ വികാസങ്ങള്‍ നിരീക്ഷിക്കുന്നയാളായിരിക്കണം യഥാര്‍ത്ഥ നിക്ഷേപകന്‍.
ഓഹരി വിപണിയില്‍ പണം നഷ്‌ടപ്പെടുത്തുന്ന ഘടകങ്ങള്‍
വിപണിയില്‍ വൈകി പ്രവേശിക്കല്‍- 2008ന്റെ തുടക്കത്തില്‍ ഓഹരി വിപണി അനുദിനം കുതിക്കുന്നതായ വാര്‍ത്തകള്‍ കേട്ടപ്പോഴാണ് റീറ്റെയ്‌ല്‍ നിക്ഷേപകര്‍ പലരും ആദ്യമായി വിപണിയില്‍ പ്രവേശിച്ചത്. അതുവരെയുള്ള റെക്കോഡ് നിലവാരത്തില്‍ നിന്നപ്പോള്‍ വാങ്ങിക്കൂട്ടിയ പല ഓഹരികളും പിന്നീട് വന്ന ഇടിവില്‍ കൂപ്പ് കുത്തുകയും ചെയ്‌തു. ഇത് കണ്ട് പരിഭ്രാന്തരായവര്‍ നഷ്‌ടത്തില്‍ ഇവ വിറ്റു. എന്നാല്‍ ദീര്‍ഘകാല നിക്ഷേപ മാര്‍ഗമായി ഓഹരി വിപണിയെ കണ്ടാല്‍ നഷ്ടം ഒഴിവാക്കാം.
കടം വാങ്ങി നിക്ഷേപിക്കല്‍-കടം വാങ്ങിയ തുക കൊണ്ട് ഒരിക്കലും ഓഹരി നിക്ഷേപം നടത്തരുത്. മാത്രമല്ല അത്യാവശ്യത്തിന് വെച്ചിരിക്കുന്ന പണം കൂടുതല്‍ നേട്ടത്തിന് വേണ്ടി ഓഹരി വിപണിയില്‍ നിക്ഷേപിക്കുന്നതും മണ്ടത്തരമാണ്.
വന്‍ തുകകള്‍ ഒറ്റത്തവണ നിക്ഷേപിക്കല്‍ - ചെറുകിട നിക്ഷേപകര്‍ക്ക് ഓഹരി വിപണിയില്‍ നിക്ഷേപിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗം എസ്.ഐ.പിയാണ്. കൂടുതല്‍ ലാഭം പ്രതീക്ഷിച്ച് ഒറ്റയടിക്ക് വന്‍തുകകള്‍ നിക്ഷേപിച്ചാല്‍ കൈപൊള്ളിയെന്ന് വരാം. ഇപ്രകാരം ചെയ്യേണ്ടിയിരുന്നത് സെന്‍സെക്‌സ് 8000 നിലവാരത്തില്‍ നിന്നപ്പോഴാണ്, ഇപ്പോഴല്ല.
ടിപ്പുകള്‍ കണ്ട് വാങ്ങുന്നത്- ദിനംപ്രതിയെന്നോണം ഒരുപാട് ടിപ്പുകള്‍ നിങ്ങള്‍ക്ക് ലഭിക്കും. ഇവ കണ്ട് വാങ്ങാന്‍ തുടങ്ങിയാല്‍ നഷ്ടത്തില്‍ കലാശിച്ചേക്കാം. ടിപ്പുകളുടെ വിശ്വസ്‌തതയും കമ്പനിയെക്കുറിച്ചുള്ള നിങ്ങളുടെ വിലയിരുത്തലും പ്രധാനമാണ്.
എല്ലാ ഐ.പി.ഒകളും മികച്ച നേട്ടം തരണമെന്നില്ല-ഐ.പി.ഒ വഴി ഓഹരി വാങ്ങുന്നത് എപ്പോഴും മികച്ച നേട്ടം നല്‍കുമെന്ന ധാരണ വേണ്ട. എടുത്ത് ചാടുന്നതിന് മുമ്പ് കമ്പനിയെക്കുറിച്ച് വിശദമായി പഠിക്കുക.
No comments:
Post a Comment