Tuesday, August 21, 2012

ഓഹരി വിപണിയില്‍ നേട്ടമുണ്ടാക്കാന്‍ 10 കല്‍പ്പനകള്‍

വാഹനം ഓടിക്കാന്‍ അറിയില്ല എങ്കില്‍ ആരൊക്കെ നിര്‍ബന്ധിച്ചാലും അതോടിക്കാന്‍ നിങ്ങള്‍ തയാറാകുമോ? ഇല്ല എന്നുതന്നെയാകും എല്ലാവരുടെയും ഉത്തരം. ആരെങ്കിലും അതിന്‌ തുനിഞ്ഞാല്‍ തന്നെ ഓടിക്കാന്‍ അറിയുന്ന ആരെങ്കിലും കൂടെ ഉണ്ടായിരിക്കും. ആല്ലെങ്കില്‍ എന്താകും സംഭവിക്കുക എന്ന്‌ ആരും പ്രത്യേകം പറഞ്ഞുതരേണ്ടതില്ലല്ലോ.
ഓഹരി വിപണിയില്‍ നിക്ഷേപം നടത്തുന്ന ഭൂരിഭാഗം പേരുടെയും പ്രവൃത്തി ഓടിക്കാന്‍ അറിയില്ല എങ്കിലും വാഹനം ഓടിക്കുന്നതുപോലെയാണ്‌. ബ്രേക്കും ആക്‌സിലറേറ്ററും എവിടെയാണെന്നു പോലും അറിയാതെ കാറോടിക്കുന്നതിനു തുല്യമാണ്‌ ഓഹരി വിപണിയിലെ പലരുടെയും നിക്ഷേപ രീതികള്‍.
ഓഹരി വിപണിയില്‍ നിക്ഷേപം നടത്തുന്ന 90 ശതമാനം പേരും നഷ്‌ടമുണ്ടാക്കുന്നവരാണ്‌. കളിയുടെ നിയമങ്ങള്‍ പാലിക്കുന്നില്ല എന്നതു തന്നെയാണ്‌ കാരണം. ഒരു പക്ഷേ ഈ വാസ്‌തവം, നിങ്ങളെ ഞെട്ടിപ്പിക്കുകയും നിക്ഷേപരംഗത്തിനു നേരെ മുഖംതിരിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്‌തേക്കാം. പക്ഷേ ഇതിന്റെ മറുവശം നോക്കുക, ഓഹരി വിപണിയില്‍ നിക്ഷേപം നടത്തുന്ന ബാക്കിയുള്ള 10 ശതമാനം പേരും 90 ശതമാനം ലാഭമാണ്‌ കൊയ്യുന്നത്‌. ഓഹരി വിപണിയില്‍ വന്‍ നേട്ടമുണ്ടാക്കുന്ന ഒരു നിക്ഷേപകനാകണമോ അതോ കളിയറിയാതെ കളിക്കുന്ന വെറുമൊരു കളിക്കാരനാകണോ നിങ്ങള്‍ക്ക്‌? വെറുമൊരു കളിക്കാരന്‍ മാത്രമായാല്‍ മതി എങ്കില്‍ ഇനി നിങ്ങള്‍ തുടര്‍ന്ന്‌ വായിക്കണമെന്നില്ല. നേട്ടമുണ്ടാക്കുന്ന നിക്ഷേപകനായിത്തീരാനാണ്‌ ആഗ്രഹിക്കുന്നതെങ്കില്‍ ഇനിയുള്ള കാര്യങ്ങള്‍ നിങ്ങള്‍ക്കുള്ളതാണ്‌. ഓഹരി വിപണിയില്‍ തന്നെ നിങ്ങള്‍ നിക്ഷേപിക്കണമെന്നുണ്ടോ? കഴിഞ്ഞ പത്ത്‌ വര്‍ഷം വിവിധ മേഖലകളില്‍ നിക്ഷേപം നടത്തി ഉണ്ടാക്കിയ നേട്ടം ഇതോടൊപ്പമുള്ള പട്ടികയില്‍ കൊടുത്തിട്ടുള്ളത്‌ ശ്രദ്ധിക്കുക. ഏറ്റവും കൂടുതല്‍ നേട്ടം ഓഹരിയില്‍ നിക്ഷേപിച്ചതിനാണ്‌ ലഭിച്ചിട്ടുള്ളത്‌.
ദീര്‍ഘകാലാടിസ്ഥാനത്തില്‍ സ്റ്റോക്ക്‌ മാര്‍ക്കറ്റില്‍ നിക്ഷേപിക്കുന്നതാണ്‌ മറ്റെന്തിനേക്കാളും ലാഭകരമായിട്ടുള്ളത്‌ എന്ന്‌ ഞാന്‍ വിശ്വസിക്കുന്നു. തൊണ്ണൂറുകളില്‍ ബാങ്ക്‌ നിക്ഷേപത്തില്‍ നിന്നും 14 ശതമാനവും പി.പി.എഫില്‍ നിന്നും 12 ശതമാനവുമാണ്‌ തിരിച്ചുകിട്ടിയിരുന്നത്‌. എന്നാല്‍ പണപ്പെരുപ്പം വര്‍ധിക്കുകയും ബാങ്ക്‌ നിക്ഷേപത്തിന്റെ പലിശ നിരക്ക്‌ എട്ട്‌ ശതമാനം വരെ താഴുകയും ചെയ്‌തിരിക്കുന്ന സാഹചര്യം തന്നെയാണ്‌ സ്റ്റോക്ക്‌ മാര്‍ക്കറ്റില്‍ നിക്ഷേപിക്കുന്നതിന്റെ പ്രസക്തി വര്‍ധിപ്പിക്കുന്നത്‌, പ്രത്യേകിച്ചും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ലഭിക്കുന്ന സാമ്പത്തിക നേട്ടം കണക്കിലെടുക്കുമ്പോള്‍.
ഇനി നമുക്ക്‌ കാറോടിക്കുന്നതിലേക്കു തന്നെ തിരിച്ചുവരാം. നിങ്ങള്‍ക്ക്‌ കാറോടിക്കാനറിയില്ല, പക്ഷേ കാറില്‍ യാത്ര ചെയ്യണമെന്ന ആഗ്രഹം ശക്തമായുണ്ടെങ്കില്‍ ഒരു ഡ്രൈവറെ വാടകയ്‌ക്കെടുക്കും. ഓഹരികളില്‍ നിക്ഷേപിക്കാന്‍ അറിയില്ലെങ്കിലും നിക്ഷേപം നടത്തണമെന്ന്‌ തന്നെയാണ്‌ ആഗ്രഹമെങ്കില്‍ താഴെപ്പറയുന്ന രണ്ട്‌ രീതിയില്‍ നിങ്ങള്‍ക്കത്‌ സാധിക്കും.
1. സ്വന്തമായി തന്നെ അതു ചെയ്യാം,സ്വന്തമായി കാറോടിക്കുന്നതുപോലെ. പക്ഷേ അതിന്‌ സമയവും വേണ്ടത്ര പരിശ്രമവും ക്ഷമയും നിക്ഷേപമെന്ന നിലയില്‍ പ്രാവീണ്യവും ആവശ്യമായി വരും.
2. മ്യൂച്വല്‍ ഫണ്ടുകള്‍ വഴി നിക്ഷേപം നടത്തുക. ഇത്‌ കാറോടിക്കാന്‍ ഒരു ഡ്രൈവറെ നിയമിക്കുന്നതു പൊലെയാണ്‌. തീരെ സമയമില്ലാത്ത ചെറുകിട നിക്ഷേപകര്‍, സ്വന്തം നിക്ഷേപങ്ങള്‍ മാനേജ്‌ ചെയ്യാന്‍ പരിചയവും കഴിവുമില്ലാത്തവര്‍ തുടങ്ങിയവര്‍ക്കു പറ്റിയ മാര്‍ഗമാണിത്‌.
ആദ്യവഴിയാണ്‌ നിങ്ങള്‍ തെരഞ്ഞെടുക്കുന്നതെങ്കില്‍ ഇനി പറയുന്ന 10 കല്‍പ്പനകള്‍ അനുസരിക്കുക.

1. ഇന്‍വെസ്റ്റ്‌മെന്റിന്റെ ABC
വായ്‌പ വാങ്ങി നിക്ഷേപം നടത്താതിരിക്കുക (Avoid Borrowed Capital). നിങ്ങളുടെ നിക്ഷേപ മികവിനെക്കുറിച്ചുള്ള അമിതമായ ആത്മവിശ്വാസം മൂലം കടം വാങ്ങി പോലും നിക്ഷേപത്തിനു നിങ്ങള്‍ അപകടകരമായ രീതിയില്‍ മുതിര്‍ന്നേക്കാം. വായ്‌പ വാങ്ങി നിക്ഷേപം നടത്തിയ മിക്കവരും തന്നെ തകര്‍ന്നു തരിപ്പണമായ ചരിത്രമാണ്‌ ഉള്ളത്‌. കടം വാങ്ങിയ മൂലധനം പോലും നഷ്‌ടപ്പെടുന്ന ദുരവസ്ഥ ഒഴിവാക്കുകയെന്നത്‌ നിക്ഷേപകര്‍ പാലിക്കേണ്ട ഏറ്റവും ലളിതമായ ചട്ട
മാണ്‌.
2. ദീര്‍ഘകാല ലാഭം മുന്നില്‍ കണ്ടുകൊണ്ട്‌ നിക്ഷേപിക്കുക
ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ലാഭം മുന്നില്‍ കണ്ടുകൊണ്ട്‌ സ്റ്റോക്ക്‌ മാര്‍ക്കറ്റില്‍ നിക്ഷേപിക്കുവാന്‍ മുതിര്‍ന്നാല്‍ ഭീമമായ ലാഭം കൊയ്യാനാകും. മികച്ച കമ്പനികളില്‍ തക്കസമയത്ത്‌ ഈ നിലയില്‍ നിക്ഷേപം നടത്തിയാല്‍, നഷ്‌ടസാധ്യതകള്‍ ഏറെ കുറവായിരിക്കും. കോള്‍ഗേറ്റ്‌, ഹിന്ദുസ്ഥാന്‍ ലിവര്‍ മുതലായ കമ്പനികളില്‍ ഏറെ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ നടത്തിയിട്ടുള്ള തുച്ഛമായ നിക്ഷേപം ഇന്ന്‌ ഒരു കോടി രൂപയിലധികമായി വളര്‍ന്നിട്ടുണ്ടാകണം. ദീര്‍ഘകാലം എന്നതുകൊണ്ട്‌ വിവക്ഷിക്കുന്നത്‌ ചുരുങ്ങിയത്‌ മൂന്ന്‌ വര്‍ഷവും റിട്ടയര്‍മെന്റ്‌ മുന്‍കൂട്ടി കണ്ട്‌ നിക്ഷേപിക്കുന്നവര്‍ക്ക്‌ 10 മുതല്‍ 20 വര്‍ഷം വരെയുമാകാം.
3. അന്വേഷണം നടത്തിയതിനു ശേഷം മാത്രം
നിക്ഷേപത്തിനു മുതിരുക

ഓഹരികളെക്കുറിച്ച്‌ കൃത്യമായി അന്വേഷിച്ചതിനു ശേഷം മാത്രം നിക്ഷേപം നടത്തുക, അല്ലാതെ നിക്ഷേപിച്ചതിനു ശേഷം അന്വേഷിക്കുകയല്ല വേണ്ടത്‌. പലരുടേയും സ്ഥിരമായ ചോദ്യം ``ഏതു ഓഹരിയിലാണ്‌ നിക്ഷേപം നടത്തേണ്ടത്‌ '' എന്നാണ്‌. അപൂര്‍വം ചിലര്‍ മാത്രമേ ``എന്തുകൊണ്ട്‌ ഞാന്‍ ഈ ഓഹരിയില്‍ നിക്ഷേപം നടത്തണമെന്ന ചോദ്യം ചോദിക്കാറുള്ളൂ. ശരിയായ രീതിയില്‍ മനഃപൂര്‍വമായ അന്വേഷണം നടത്തിയാല്‍ മാത്രമേ ഏതു ഓഹരി വാങ്ങണം, ഏതു സ്റ്റോക്ക്‌ കൈയില്‍ സൂക്ഷിക്കണം എന്നു നിങ്ങള്‍ക്ക്‌ ബോധപൂര്‍വം നിശ്ചയിക്കാനാവൂ.
4. നിക്ഷേപിക്കുക,
ഊഹക്കച്ചവടവും ചൂതാട്ടവും നടത്തരുത്‌

പലപ്പോഴും നിക്ഷേപകര്‍ ഊഹക്കച്ചവടത്തിനും ചൂതാട്ടത്തിനും സ്വന്തം മൂലധനത്തെ വിട്ടുകൊടുക്കാറുണ്ട്‌. എന്തുകൊണ്ടാണ്‌ ഒരു കമ്പനിയുടെ ഓഹരിയില്‍ നിക്ഷേപിച്ചതെന്ന കൃത്യമായ ധാരണയുണ്ടാകണം. അല്ലാതെ എന്തു വില കൊടുത്താണ്‌ ആ ഓഹരി വാങ്ങിച്ചത്‌ എന്നല്ല ചിന്തിക്കേണ്ടത്‌. ലോകപ്രശസ്‌ത ഇന്‍വെസ്റ്റ്‌മെന്റ്‌ ആചാര്യന്‍ വാറന്‍ ബുഫെ പറയുന്നത്‌ ശ്രദ്ധിക്കൂ. ``ഒരു മാസം കൊണ്ട്‌ കുട്ടി ജനിക്കുമെന്ന്‌ പ്രതീക്ഷിക്കരുത്‌. ഊഹക്കച്ചവടത്തിലൂടെ സ്ഥിരമായ നേട്ടമുണ്ടാക്കാമെന്നും കരുതരുത്‌ ''. അന്നുവാങ്ങി അന്നുതന്നെ വില്‍ക്കുന്നതും ഡെറിവേറ്റീവ്‌സ്‌, ഫ്യൂച്ചേഴ്‌സ്‌ തുടങ്ങിയവയിലുള്ള പരീക്ഷണവും ഒഴിവാക്കുക. കാരണം അവയിലെ നഷ്‌ട സാധ്യത വളരെ കൂടുതലാണ്‌. അതുകൊണ്ടുതന്നെ ഇവ ഒരു ശരാശരി നിക്ഷേപകന്‌ ഒട്ടും ആശാസ്യമല്ല.
5. ക്ഷമയെന്നത്‌ ഒരു വലിയ ഗുണമാണ്‌. അതിന്‌ അതിന്റേതായ ഗുണഫലം ലഭിക്കും. 
പലപ്പോഴും നിങ്ങളുടെ കൈവശമുള്ള ഓഹരിയുടെ വില പ്രതീക്ഷിച്ചതുപോലെ ഉയരാതിരിക്കുകയോ നിങ്ങള്‍ വാങ്ങിയ വിലയിലും താഴേക്കു പോകുകയോ ചെയ്യാം. പക്ഷേ വില ഉയരുന്നതുവരെ കാത്തിരിക്കാനുള്ള ക്ഷമയുണ്ടാകണം. വിജയിച്ച പല നിക്ഷേപകരും പറയുന്നത്‌ ക്ഷമയാണ്‌ ഒരു നിക്ഷേപകനെ സംബന്ധിച്ച്‌ ഏറ്റവും വേണ്ട മേന്മ എന്നാണ്‌. അതുകൊണ്ടുതന്നെയാണ്‌ പല നിക്ഷേപകരും സമ്പന്നരായത്‌. ഓഹരി വാങ്ങി പിറ്റേ ദിവസം നേട്ടമുണ്ടാകണം എന്നു കുരുതുന്നത്‌ ജോലിക്കു ചേര്‍ന്നതിന്റെ പിറ്റേന്നു തന്നെ പ്രൊമോഷന്‍ ലഭിക്കുമെന്ന്‌ വൃഥാ മോഹിക്കുന്നതു പോലെയാണ്‌. 
6. മറ്റുള്ളവരെ അതേപടി അനുകരിക്കരുത്‌
മറ്റുള്ളവര്‍ എന്തു ചെയ്യുന്നുവോ അതിനെ അതേപടി അന്ധമായി പിന്തുടരരുത്‌. ഓഹരി വിപണിയില്‍ മറ്റുള്ളവര്‍ ചെയ്യുന്നത്‌ നോക്കി അതേപടി പ്രവര്‍ത്തിച്ചാല്‍ അവര്‍ക്ക്‌ എന്താണോ ലഭിക്കുന്നത്‌ അതു മാത്രമേ നിങ്ങള്‍ക്കും ലഭിക്കൂ. ഭൂരിഭാഗം പേര്‍ക്കും മാര്‍ക്കറ്റില്‍ നഷ്‌ടം സംഭവിക്കുന്നുണ്ട്‌. അതുകൊണ്ട്‌ ഭൂരിഭാഗം പേരും ചെയ്യുന്നതില്‍ നിന്നും വ്യത്യസ്‌തമായി ചെയ്യുക. ``മറ്റുള്ളവര്‍ അത്യാര്‍ത്തി കാണിക്കുമ്പോള്‍ ഭയപ്പാടോടെ കാണുകയും മറ്റുള്ളവര്‍ ഭയപ്പെടുമ്പോള്‍ സ്വയം അത്യാര്‍ത്തി കാണിക്കുകയും ചെയ്യുക എന്നാണ്‌ വാറന്‍ ബുഫെ പറഞ്ഞിട്ടുള്ളത്‌.
7. മിച്ചം പണം കൈവശം കരുതുക
മിച്ചമായി കുറച്ചു പണം കൈവശം എപ്പോഴും കരുതുക. മുഴുവന്‍ പണവും ഒരിക്കലും ഓഹരി വിപണിയില്‍ നിക്ഷേപിക്കരുത്‌. നല്ല നിക്ഷേപാവസരം വരുമ്പോള്‍ കുറച്ചു മൂലധനമെങ്കിലും കൈയിലുണ്ടാകണം. 
8. നിങ്ങളില്‍ തന്നെ നിക്ഷേപിക്കുക
ഓഹരി വിപണിയുടെ ചലനങ്ങളെക്കുറിച്ച്‌ അനുദിനം മനസിലാക്കുകയും പഠിക്കുകയും ചെയ്യുക. തലമുടി വെട്ടിക്കേണ്ടി വരുമ്പോഴാണ്‌ ബാര്‍ബറുടെ അടുത്ത്‌ പോകുന്നത്‌. പല്ലുവേദന വരുമ്പോഴാണ്‌ ദന്തഡോക്‌റ്ററുടെ ആവശ്യം. അതുപോലെ തന്നെ നിക്ഷേപ താല്‍പ്പര്യം വരുമ്പോള്‍ പ്രൊഫഷണലായ ഒരു നിക്ഷേപ വിദഗ്‌ധന്റെ സേവനം ആവശ്യമായി വരും. സാമ്പത്തിക ദിനപത്രങ്ങള്‍ , ആനുകാലികങ്ങള്‍, പുസ്‌തകങ്ങള്‍ തുടങ്ങിയവ സ്ഥിരമായി വായിക്കുക. നിക്ഷേപ സംബന്ധമായ സെമിനാറുകളിലും ശില്‍പ്പശാലകളിലും സംബന്ധിക്കുക. പറ്റുമെങ്കില്‍ ഒരു നല്ല ഇന്‍വെസ്റ്റ്‌മെന്റ്‌ ക്ലബില്‍ അംഗത്വം നേടുകയും ഓഹരിവിപണിയില്‍ നേട്ടം കൈവരിച്ച നിക്ഷേപകരുമായി അടുത്തിടപഴകുകയും ചെയ്യുക.
9. പിച്ചവെച്ച്‌ നടക്കുക
ഓഹരികളിലും മ്യൂച്വല്‍ ഫണ്ടുകളിലും നിക്ഷേപം നടത്തിയിട്ടില്ലെങ്കില്‍ ആദ്യമായി ഒരു ചെറിയ തുക ഓഹരി വിപണിയില്‍ നേരിട്ട്‌ മുതല്‍ മുടക്കുക. അതിനുശേഷം എങ്ങനെ ആ നിക്ഷേപം വളരുന്നുവെന്ന്‌ നിരീക്ഷിക്കുക. ഇത്തരം ചെറിയ ചുവടുവെപ്പുകള്‍ പിന്നീട്‌ നിങ്ങളെ ശരിയായ ലക്ഷ്യസ്ഥാനത്തെത്തിക്കും. ആയിരം മൈലുകള്‍ താണ്ടേണ്ട യാത്ര തുടങ്ങുന്നത്‌ വെറുമൊരു ചുവടുവെപ്പില്‍ നിന്നാണ്‌ എന്ന ആപ്‌ത വാക്യം മറക്കാതിരിക്കുക.
10. അനുഭവങ്ങളില്‍ നിന്നും പാഠം പഠിക്കുക
നിങ്ങള്‍ എന്തു തന്നെ ചെയ്‌താലും ഓഹരി വിപണിതന്നെയാണ്‌ ഏറ്റവും മികച്ച അധ്യാപകന്‍. ഓരോ തവണ നഷ്‌ടം സംഭവിക്കുമ്പോഴും അതില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട്‌ അടുത്ത തവണ അത്‌ ആവര്‍ത്തിക്കാതിരിക്കാന്‍ കരുതലെടുക്കുക. നിങ്ങളുടെ ഓഹരി വിപണിയിലെ നേട്ടങ്ങളും പിഴവുകളും നിരന്തരം നിരീക്ഷിച്ച്‌ വിശകലനം ചെയ്യുക. അത്‌ കൃത്യമായി ഒരു പ്രത്യേക ഡയറിയില്‍ രേഖപ്പെടുത്തി സൂക്ഷിക്കുക.
എല്ലാം ക്രോഡീകരിച്ചുകൊണ്ട്‌ എനിക്ക്‌ പറയാനുള്ളത്‌ നിങ്ങള്‍ ഒരു തെങ്ങിനെ ഉദാഹരണമായെടുക്കുവാനാണ്‌. തെങ്ങ്‌ എങ്ങനെയാണ്‌ ജന്മമെടുക്കുന്നത്‌. ആദ്യം ഒരു തേങ്ങയുടെ വിത്ത്‌ പാകണം. ആദ്യ വര്‍ഷങ്ങളില്‍ നിരന്തരമായി നനച്ചുകൊണ്ടിരിക്കണം. കുറച്ചു വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ നിങ്ങളുടെ ശിഷ്‌ടായുസ്സ്‌ മുഴുവന്‍ ഫലം തരുന്ന കല്‍പ്പവൃക്ഷമായി അത്‌ മാറും. അതുപോലെ തന്നെയാണ്‌ നിക്ഷേപവും. ആദ്യത്തെ വര്‍ഷങ്ങള്‍ പാഠം പഠിക്കാനുള്ളതാണ്‌. പിന്നീടുള്ള വര്‍ഷങ്ങള്‍ വരുമാനത്തിന്റേയും. എത്രയും വേഗം നക്ഷേപം തുടങ്ങുന്നുവോ അത്രത്തോളം മാധുര്യമേറിയതായിരിക്കും അത്‌. 
ഇന്‍വെസ്റ്റ്‌മെന്റിന്റെ ഈ ലളിതമായ പ്രമാണങ്ങള്‍ നിങ്ങള്‍ക്കിഷ്‌ടമായെന്നു കരുതട്ടെ. അങ്ങനെയെങ്കില്‍ അത്‌ പ്രവര്‍ത്തിപഥത്തിലെത്തിക്കുമ്പോഴായിരിക്കും നിങ്ങള്‍ കൂടുതല്‍ സന്തോഷിക്കുക.


THIS IS COPIED FROM DHANAM MAGAZINE AND POSTED IN BLOG FOR MY CLIENTS AND FOLLOWERS.MY SINCERE THANKS TO DHANAM MAGAZINE

No comments:

Post a Comment