Wednesday, August 22, 2012

ദീര്‍ഘകാല നിക്ഷേപത്തിന്റെ മാജിക്‌


100രൂപ നിങ്ങള്‍ 30 വര്‍ഷം മുമ്പ് വിപ്രോ ലിമിറ്റഡിന്റെ ഓഹരിയില്‍ നിക്ഷേപിച്ചിരുന്നെങ്കില്‍ ഇപ്പോഴത്തെ വിലയ്ക്ക് അത് 3.7 കോടിയോളം രൂപയാകുമായിരുന്നു! അഞ്ചു വര്‍ഷത്തോളമായി തുടരുന്ന വിപണി തകര്‍ച്ചയിലാണ് ഈ നേട്ടം എന്നതു കൂടി പരിഗണിക്കണം. വില മെച്ചപ്പെട്ടു നിന്നിരുന്ന 2010 ല്‍ നാലര കോടിയോളം രൂപയുടെ സമ്പത്തായി ആ 100 രൂപ വളര്‍ന്നിരുന്നു. ഇത്തരത്തില്‍ ആകര്‍ഷക നേട്ടം നല്‍കിയ നിരവധി ഇന്ത്യന്‍ ഓഹരികളുണ്ട്. എന്തിന് 2000 ലെ ഒരു ലക്ഷം രൂപയുടെ നിക്ഷേപം പത്തു വര്‍ഷം കൊണ്ട് 15 ലക്ഷം മുതല്‍ മൂന്നു കോടി രൂപ വരെയാക്കിയ ചരിത്രം പല കേരളാ കമ്പനികള്‍ക്കും പറയാനുണ്ട്. സൗത്ത് ഇന്ത്യന്‍ ബാങ്ക്, കിറ്റെക്‌സ്, ഫെഡറല്‍ ബാങ്ക്, മണപ്പുറം, ജിയോജിത് എന്നിവയാണ് നിക്ഷേപകര്‍ക്ക് മികച്ച നേട്ടം നല്‍കിയ ആ ഓഹരികള്‍.

ഇതാണ് ഓഹരി നിക്ഷേപത്തിന്റെ മാജിക്. നൂറിനെ കോടിയാക്കുന്ന മാജിക്. പക്ഷേ എല്ലാവര്‍ക്കും എല്ലായ്‌പ്പോഴും ഇത്തരം നേട്ടം ഉണ്ടാക്കാനാകില്ല. അതിന് ചില നിക്ഷേപ തത്വങ്ങള്‍ പാലിക്കേണ്ടതുണ്ട്. വില കുറഞ്ഞു നില്‍ക്കുന്ന സമയം നോക്കി, ഏറ്റവും മികച്ച ഓഹരികള്‍ കണ്ടെത്തി നിക്ഷേപിക്കണം. പിന്നെ ക്ഷമയോടെ കാത്തിരിക്കണം. കാലം കടന്നു പോകുമ്പോള്‍ നിങ്ങളുടെ നിക്ഷേപം നിങ്ങളെ പോലും അമ്പരിപ്പിച്ചു കൊണ്ട് വളര്‍ന്ന് വലുതാകും. മേല്‍പ്പറഞ്ഞ ഓഹരികളിലെ നിക്ഷേപകര്‍ അനുഭവിച്ചറിഞ്ഞ അല്‍ഭുതമാണിത്. അത് നിങ്ങള്‍ക്കും സാധ്യമാക്കാവുന്നതേയുള്ളൂ.

ഇവിടെ മികച്ച ഓഹരികളെന്നതുപോലെ തന്നെ പ്രധാനമാണ് സമയവും. ചിലപ്പോള്‍ ഒരു വര്‍ഷം കൊണ്ട് മികച്ച ലാഭം കിട്ടാം. മറ്റ് ചിലപ്പോള്‍ കാത്തിരിപ്പ് എട്ടോ പത്തോ വര്‍ഷം നീണ്ടേക്കാം. പക്ഷേ നല്ല മൂല്യവത്തായ ഓഹരികള്‍ ന്യായമായ വിലയ്ക്ക്, ശരിയായ സമയത്താണ് വാങ്ങിയിരിക്കുന്നതെങ്കില്‍ ആകര്‍ഷകനേട്ടം ഏറെ വൈകാതെ നിങ്ങളെ തേടിയെത്തിയിരിക്കും.

അത്തരത്തില്‍ സമ്പത്ത് വളര്‍ത്തിയെടുക്കാനായി ദീര്‍ഘകാല നിക്ഷേപം നടത്താന്‍ ഏറ്റവും മികച്ച സമയമാണിത്. കാരണം ന്യായമായ, അത്യാകര്‍ഷകമായ വിലയില്‍ ഏറ്റവും മികച്ച ഓഹരികള്‍ തന്നെ വാങ്ങാന്‍ കഴിയും. മാത്രമല്ല 2008 ല്‍ ആരംഭിച്ച വിപണി തകര്‍ച്ച നാലര വര്‍ഷം പിന്നിട്ടിരിക്കുന്നു. വിവിധ മാനദണ്ഡങ്ങള്‍ വെച്ച് അടുത്ത കുതിപ്പിന് സമയം അടുത്തെത്തിയിരിക്കുന്നു. ഏറെ താമസിയാതെ, ആറു മാസം മുതല്‍ പരമാവധി ഒന്നോ ഒന്നരയോ വര്‍ഷത്തിനകം സൂചികകള്‍ വളര്‍ച്ചാ ഘട്ടത്തിലേയ്ക്ക് വീണ്ടും മുന്നേറും.
പിന്നീട് ഈ വിലയ്ക്ക് നല്ല ഓഹരികള്‍ അടുത്ത കാലത്തെങ്ങും ലഭിക്കാന്‍ പോകുന്നില്ല.

വില കുറയുമ്പോള്‍ നിക്ഷേപിക്കാം

മാത്രമല്ല ഓരോ എട്ടു വര്‍ഷത്തിനിടയിലും ഇന്ത്യന്‍ ഓഹരി സൂചിക പുതിയ ഉയരം കുറിച്ചിട്ടുണ്ടെന്നതാണ് ഇതുവരെയുള്ള ചരിത്രം. 2008ലെ ഉയരത്തിനു ശേഷം അടുത്ത ഉയരം 2015ലോ 16ലോ ഉണ്ടാകാനാണ് സാധ്യത. അതായത് ഇപ്പോള്‍ നിക്ഷേപിച്ചാല്‍ മൂന്നോ നാലോ വര്‍ഷത്തിനകം അത്യാകര്‍ഷക നേട്ടത്തിന് സാധ്യതയുണ്ട്. അതിനാല്‍ നിക്ഷേപകര്‍ ചെയ്യേണ്ടത് ഇത്രമാത്രം. ഇപ്പോള്‍ തന്നെ ദീര്‍ഘകാല നിക്ഷേപത്തിന് മികച്ച ഓഹരികള്‍ തെരഞ്ഞെടുത്തു വെയ്ക്കുക. വരുന്ന ഓരോ തിരുത്തലിലും വില കുറയുന്നതു നോക്കി നിക്ഷേപം നടത്തുക. അതിനായി കേരളത്തിലെ അറിയപ്പെടുന്ന ഏതാനും ഓഹരി വിദഗ്ധരുടെ അഞ്ചു വീതം ഓഹരി ശുപാര്‍ശകളാണ് ഇവിടെ അവതരിപ്പിക്കു
ന്നത്.

ആദായനികുതി ഇളവ് വേണ്ടവരെ സംബന്ധിച്ചിടത്തോളം പോളിസികളിലും ഇക്വിറ്റി ഫണ്ടുകളിലും ആകര്‍ണഷണീയത കുറയുകയാണ്. അതേസമയം ഓഹരി നിക്ഷേപത്തിന് ഇപ്പോള്‍ ആദായനികുതി ഇളവു ലഭിക്കുകയും ചെയ്യും. ഈ ഇളവ് നേടാനുള്ള തുക ഓഹരിയിലേക്ക് മാറ്റിവെക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്കും ഈ ശുപാര്‍ശകള്‍ ഉപയോഗപ്പെടുത്താനാകും. ദീര്‍ഘകാലാടിസ്ഥാനത്തില്‍, മൂന്നു വര്‍ഷം മുതല്‍ അഞ്ചു വര്‍ഷം കാലാവധി ലക്ഷ്യമിട്ട് നിക്ഷേപം നടത്താവുന്ന ഓഹരികളാണ് ഇവിടെ ശുപാര്‍ശ ചെയ്തിരിക്കുന്നത്. അതേസമയം അനിശ്ചിതത്വവും ചാഞ്ചാട്ടവും നിത്യസംഭവങ്ങളായ ഓഹരി വിപണിയില്‍ മൂന്നു മുതല്‍ അഞ്ചു വര്‍ഷം വരെ എന്നത് തികച്ചും പ്രവചനാതീതമായ ഒന്നാണെന്ന് അലക്‌സ് കെ മാത്യൂസ് (ജിയോജിത് ബിഎന്‍പി പാരിബ) ഓര്‍മിപ്പിക്കുന്നു. അതിനാല്‍ ദീര്‍ഘമായ കാലയളവ് ലക്ഷ്യമിട്ടാണ് വാങ്ങുന്നതെങ്കിലും നിക്ഷേപിക്കുന്ന ഓഹരികളെ ബാധിക്കുന്ന ഘടകങ്ങള്‍ അറിയുകയും അതനുസരിച്ച് ആവശ്യമെങ്കില്‍ നിക്ഷേപ തന്ത്രത്തില്‍ ആവശ്യമായ മാറ്റം വരുത്തുകയും ചെയ്യണം. 
 THIS ARTICLE IS TAKEN FROM DHANAM MAGAZINE AND IS POSTED IN MY BLOG TO CREATE AWARENESS TO COMMON PEOPLE ABOUT STOCK MARKET AND INVESTMENTS.THANKS TO DHANAM MAGAZINE

No comments:

Post a Comment